മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ് സ്ട്രൈക്ക് നിശ്ചലമായതോടെ ആഗോളതലത്തിൽ വിവിധ സേവനങ്ങൾ തടസപ്പെട്ടു. ഇതോടെ ഇന്ത്യ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതമായി. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്‌സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ പണിമുടക്കിയത്.
ബാങ്കുകൾ, വിമാനക്കമ്പനികൾ, ഐടി മേഖല, ആരോഗ്യ സംവിധാനങ്ങൾ, അടിയന്തര സേവനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ഇന്ത്യയിൽ, വിമാനത്താവളങ്ങളിൽ ഉടനീളം പ്രവർത്തനങ്ങൾ താളം തെറ്റി. ഇൻഡിഗോ, ആകാശ് എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇൻ സേവനങ്ങളും തടസപ്പെട്ടു.
ഇന്ത്യയിൽ എടിഎമ്മുകളേയും പ്രശ്‌നം ബാധിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിൽ വിവിധ വ്യോമയാന കമ്പനികളുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ലോകമെമ്പാടും വിമാനത്താവളങ്ങളിൽ വലിയ ക്യൂവാണ് രൂപപ്പെടുന്നത്. ലണ്ടൻ സ്‌റ്റോക്ക് എക്സ്ചേഞ്ചിലെ സേവനങ്ങൾ തടസപ്പെട്ടവയിൽ ഉൾപ്പെടുന്നുണ്ട്.