അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ 16 കിലോഗ്രാം തൂക്കമുള്ള ട്യൂമർ പുറത്തെടുത്തു. ഷാർജയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് രോഗിയുടെ വയറിൽ നിന്ന് വലിയ മുഴ പുറത്തെടുത്തത്. നാല് നവജാത ശിശുക്കളുടെ ഭാരത്തിന് തുല്യമായ റിട്രോപെരിറ്റോണിയൽ ട്യൂമർ ഷാർജയിലെ ബുർജീൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശസ്ത്രക്രിയാ സംഘമാണ് വിജയകരമായി ഓപ്പറേഷനിലൂടെ പുറത്തെടുത്തത്.
63-കാരനായ രോഗിയുടെ ശരീരത്തിൽ നിന്നാണ് ട്യൂമർ വേർതിരിച്ചത്. എട്ട് വർഷത്തോളമായി ഉണ്ടായ വയറുവേദനയേത്തുടർന്ന് മുമ്പ് അദ്ദേഹം ചികിത്സ തേടിയിരുന്നു. എന്നാൽ രോഗനിർണയം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഭയം കാരണം വിദഗ്ധ ചികിത്സയ്ക്ക് അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാൽ പതിയെ വയറ് വികസിക്കാൻ തുടങ്ങിയതോടെ രോഗത്തിന്റെ ഗൗരവം മനസിലാക്കി ചികിത്സിക്കാൻ തയ്യാറാകുകയായിരുന്നു.
രോഗി സമീപിച്ചതോടെ ട്യൂമറിൻ്റെ വലുപ്പവും അനുബന്ധ ലക്ഷണങ്ങളും കണക്കിലെടുത്ത് ഓങ്കോളജിസ്റ്റുകൾ, സർജന്മാർ, റേഡിയോളജിസ്റ്റുകൾ, ന്യൂക്ലിയർ മെഡിസിൻ സ്പെഷ്യലിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള ഒരു മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് ശസ്ത്രക്രിയ നടത്താൻ തന്നെയാണ് നിർദേശിച്ചത്. തുടർന്ന് നടത്തിയ സർജറിയിൽ 50x50x40 സെൻ്റീമീറ്റർ വലിപ്പമുള്ള ഒരു വലിയ മുഴ വയറിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. രോഗി സുരക്ഷിതനാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.