വിവിധ ലൈസൻസുകളുടെ ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. അബുദാബി ഗ്ലോബൽ മാർക്കറ്റിന്റെ (എഡിജിഎം) പരിധിയിൽ വരുന്ന നോൺ-ഫിനാൻഷ്യൽ, റീട്ടെയിൽ ലൈസൻസുകൾ നേടുന്നതിലാണ് 50 ശതമാനമോ അതിൽ കൂടുതലോ ഇളവുകൾ പ്രഖ്യാപിച്ചത്.
പുതുക്കിയ ലൈസൻസിംഗ് ഫീസ് ഷെഡ്യൂൾ 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. അൽ റീം ഐലൻഡ് ബിസിനസുകൾക്കായുള്ള ട്രാൻസിഷണൽ ക്രമീകരണങ്ങളുടെ ഭാഗമായാണ് തീരുമാനം. യുഎഇയുടെ തലസ്ഥാനമായ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമായ എഡിജിഎമ്മിൻ്റെ അധികാരപരിധിയിൽ അൽ മരിയയും അൽ റീം ഐലൻഡും ഉൾപ്പെടുന്നുണ്ട്.
പുതുക്കിയ ഘടന അനുസരിച്ച്, നോൺ-ഫിനാൻഷ്യൽ വിഭാഗത്തിലെ പുതിയ രജിസ്ട്രേഷനുകൾക്ക് ഫീസ് 10,000 ഡോളറിൽ നിന്ന് 5,000 ഡോളർ ആയി കുറയും. ഇതേ വിഭാഗത്തിൻ്റെ വാർഷിക ലൈസൻസ് പുതുക്കൽ ഫീസ് 8,000 ഡോളറിൽ നിന്ന് 5,000 ഡോളർ ആയി കുറയും. പുതിയ രജിസ്ട്രേഷൻ ഫീസ് 6,000 ഡോളറിൽ നിന്ന് 2,000 ഡോളറായി കുറച്ചതോടെ റീട്ടെയിൽ വിഭാഗത്തിനുള്ള ഫീസും ഗണ്യമായി കുറച്ചിട്ടുണ്ട്. റീട്ടെയിൽ വിഭാഗത്തിനായുള്ള ലൈസൻസ് പുതുക്കലുകൾക്കും 50 ശതമാനം കുറവുണ്ടാകും. ഇത് 2,000 ഡോളറായി കുറയ്ക്കും.