സഞ്ജു സാംസൺ 2026-ലെ ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലെന്ന കണ്ടെത്തലുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര. യുവതാരങ്ങൾ വിക്കറ്റ് കീപ്പർ സ്ഥാനത്തേയ്ക്ക് അവസരം കാത്തിരിക്കുന്നതിനാൽ ‘പ്രായമായ’ സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ് അമിത് മിശ്ര പറഞ്ഞത്.
“സഞ്ജു അടുത്ത ലോകകപ്പ് കളിക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് പ്രായമായി. ഇന്ത്യൻ ടീമിലേക്ക് യുവതാരങ്ങളുടെ നീണ്ടനിര തന്നെ അവസരം കാത്തിരിക്കുന്നുണ്ട്. സഞ്ജുവിന് കളിക്കണമെങ്കിൽ അത്ഭുതകരമായ പ്രകടനങ്ങൾ നടത്തേണ്ടിവരും. അടുത്ത ലോകകപ്പ് വരെ സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരമായി കളിച്ചാൽ ഒരുപക്ഷേ അക്കാര്യം പരിഗണിച്ചേക്കും. അല്ലെങ്കിൽ ലോകകപ്പ് കളിക്കുകയെന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഒരുപാട് യുവതാരങ്ങൾ ഇന്ത്യൻ ടീമിൻ്റെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്. പ്രതിഭയായ ഇഷാൻ കിഷൻ ട്വന്റി20 ടീമിന് പുറത്തിരിക്കുന്നു. ഋഷഭ് പന്ത് ഇവിടെയുണ്ട്. ധ്രുവ് ജുറേലും ജിതേഷ് ശർമയുമുണ്ട്. അങ്ങനെ നീണ്ട ക്യൂ തന്നെയാണ്” എന്നാണ് അമിത് മിശ്ര വ്യക്തമാക്കിയത്. ട്വൻ്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമാണെങ്കിലും സഞ്ജുവിന് ലോകകപ്പിലെ ഒരു മത്സരത്തിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഋഷഭ് പന്തായിരുന്നു ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ മാത്രമാണ് സഞ്ജു കളിച്ചത്.