ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന ഉറപ്പുമായി സർക്കാർ. ജോയിയുടെ അമ്മ മെൽഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപയും അതോടൊപ്പം വീടും നിർമ്മിച്ചു നൽകുമെന്നും ജോയിയുടെ അനുജന് റെയിൽവേയിലോ സർക്കാരിലോ ജോലി നൽകുമെന്നും വാഗ്ദാനമുണ്ട്.
പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രനും മേയർ ആര്യാ രാജേന്ദ്രനുമാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വസിച്ചാണ് പ്രതിഷേധങ്ങളിലേയ്ക്ക് കടക്കാത്തതെന്ന് കുടുംബം വ്യക്തമാക്കി. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.
ആമയിഴഞ്ചാൻ തോട്ടിൽ വെച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളിൽ പരിശോധനയ്ക്കായി നഗരസഭ ജീവനക്കാരെയും നിയമിച്ചിരുന്നു. ഇവരാണ് ഇന്ന് രാവിലെ 9.15-ഓടെ മൃതദേഹം കണ്ടെത്തിയത്. കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ തകരപ്പറമ്പിലെ കനാലിൽ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിച്ച ശേഷം നെയ്യാറ്റിൻകരയിലെ മാരായമുട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.