കിരീട നേട്ടത്തിൽ ചരിത്രം സൃഷ്ടിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതോടെ ക്ലബ്ബിനും രാജ്യത്തിനുമായി അർജന്റീന താരം ലയണൽ മെസ്സി നേടിയ കിരീടങ്ങളുടെ എണ്ണം 45 ആയി. ബ്രസീലിന്റെ മുൻ താരം ഡാനി ആൽവസിനെയാണ് കിരീട നേട്ടത്തിൽ മെസ്സി മറികടന്നത്.
ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം ഉൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അർജന്റീനയ്ക്കൊപ്പം മെസ്സി നേടിയിരിക്കുന്നത് നാല് മേജർ കിരീടങ്ങളാണ്. 2021 കോപ്പ അമേരിക്ക, 2022 ഫൈനലിസിമ, 2022 ലോകകപ്പ് എന്നിവയാണ് മറ്റ് കിരീടങ്ങൾ. ക്ലബ്ബ് കരിയറിൽ സ്‌പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്കൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 10 ലാ ലിഗ കിരീടങ്ങളും മെസ്സിയുടെ അക്കൗണ്ടിലുണ്ട്. ഇക്കാലയളവിൽ എട്ട് ബാലൺദ്യോറും ആറ് യൂറോപ്യൻ ഗോൾഡൻ ബൂട്ടും താരം സ്വന്തമാക്കി.
കരിയറിലെ 45 കിരീടങ്ങളിൽ 39-ഉം മെസ്സി നേടിയിരിക്കുന്നത് ക്ലബ്ബ് തലത്തിലാണ്. അതിൽ ഭൂരിഭാഗവും ബാഴ്‌സലോണയ്ക്കൊപ്പം തന്നെ. ഇതോടൊപ്പം മൂന്ന് തവണ യുവേഫ സൂപ്പർ കപ്പും മൂന്ന് തവണ ക്ലബ്ബ് ലോകകപ്പും നേടി. അർജൻ്റീനയ്ക്കൊപ്പം 2005-ലെ അണ്ടർ 20 ലോകകപ്പും 2008-ലെ ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട് മെസ്സി.