അമേരിക്കയിൽ പ്രസിഡൻ്റുമാർക്കുനേരെ ഉണ്ടാകുന്ന വധശ്രമത്തിൻ്റെ കറുത്ത ചരിത്രം തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ അതിക്രമം പട്ടികയിൽ അവസാനത്തേതാണ്. ഇതിനിടെ കൊലയാളികളുടെ തോക്കിന് മുന്നിൽ ജീവൻ നഷ്ടമായ പ്രസിഡൻ്റുമാരുടെ എണ്ണം നാല്. ട്രംപിനെപോലെ വധശ്രമത്തെ അതിജീവിച്ചവരും അമേരിക്കൻ പ്രസിഡൻ്റ് പട്ടികയിലുണ്ട്.
കൊല്ലപ്പെട്ട യുഎസ് പ്രസിഡൻ്റുമാർ
അമേരിക്കയുടെ 16-ആം പ്രസിഡന്‍റായ എബ്രഹാം ലിങ്കണാണ് കൊല്ലപ്പെട്ട ആദ്യവ്യക്തി. 1865 ഏപ്രിൽ നാലിനായിരുന്നു സംഭവം.വാഷിങ്ടണിലെ ഫോഡ്സ് തിയേറ്ററിൽ ഭാര്യ മേരി ടോഡിനൊപ്പം പരിപാടികണ്ടിരിക്കെ തലയ്ക്കുപിന്നിൽ വെടിയേറ്റാണ് മരണം. ജോൺ വിൽക്കിസ് ബൂത്ത് എന്നയാളായിരുന്നു വെടിവെയ്പ്പിന് പിന്നിൽ. ഇയാളെ 1865 ഏപ്രിൽ 26ന് വെടിവെച്ചുകൊന്നു.
അമേരിക്കയുടെ 20-ആം പ്രസിഡന്‍റായിരുന്ന ജെയിംസ് ഗാർഫീൽഡിനും വെടിവെയ്പ്പിനെ അതീജീവിക്കാനായില്ല. 1881 ജൂലായ് രണ്ടിനാണ് കൊലപാതകം നടന്നത്. ന്യൂ ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കായി വാഷിങ്ടണിലെ റെയിൽവേ സ്റ്റേഷനിലൂടെ നടക്കുമ്പോൾ ചാൾസ് ഗിറ്റൗ എന്നയാൾ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. ആറുമാസം മാത്രമാണ് ജെയിംസ് ഗാർഫീൽഡിന് പ്രസിഡന്‍റ് പദവിയിലിരിക്കാനായത്. പ്രതി ഗീറ്റൗവിന് 1882 ജൂണിൽ വധശിക്ഷക്ക് വിധേയനാക്കി.
അമേരിക്കയുടെ 25-ആം പ്രസിഡന്‍റായിരുന്ന വില്യം മക്കിൻലി കൊല്ലപ്പെടുന്നത് 1901 സെപ്റ്റംബർ ആറിനാണ്. ന്യൂയോർക്കിൽ പൊതുയോഗത്തിൽ പ്രസംഗിച്ചശേഷം ആളുകൾക്ക് കൈകൊടുത്തുനീങ്ങുമ്പോഴാണ് വെടിയേറ്റത്. കൊലയാളി ലിയോൺ എഫ് ചോൾഗോഷിനെ 1901 ഒക്ടോബർ 29ന് വധശിക്ഷക്ക് വിധേയനാക്കി.
1963 നവംബർ 22നാണ് യുഎസിന്‍റെ 35-ആം പ്രസിഡന്‍റായിരുന്ന ജോൺ എഫ് കെന്നഡിക്ക് വെടിയേൽക്കുന്നത്. ഭാര്യയ്ക്കൊപ്പം ഡാലസ് സന്ദർശിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രതി ലീ ഹാർവി ഓസ്വാൾഡ് പോലീസ് പിടിയിലാവുകയും ഇയാളെ ജയിലിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഡാലസിലെ നിശാക്ലബ് ഉടമ ജാക്ക് റൂബി ഓസ്വാൾഡിനെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അതിജീവിച്ച പ്രസിഡൻ്റുമാർ
32-ആം പ്രസിഡന്‍റായിരുന്ന ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റിന് നേരെ 1933 ഫെബ്രുവരിയിൽ വെടിവെയ്പ്പുണ്ടായെങ്കിലും അതിജീവിക്കാനായി. മയാമിയിൽ വെച്ചായിരുന്നു വധശ്രമം.33-ആം പ്രസിഡന്‍റായിരുന്ന ഹാരി എസ് ട്രൂമാന് നേരെ 1950ലാണ് വധശ്രമമുണ്ടായത്. 38-ആം പ്രസിഡന്‍റായിരുന്ന ജെറാൾഡ് ഫോർഡ് നേരെ 1975ൽ 17 ദിവസത്തെ ഇടവേളയിൽ രണ്ട് വധശ്രമങ്ങളുണ്ടായെങ്കിലും രണ്ടിലും രക്ഷപെട്ടു. കാലിഫോർണിയയിലും സാൻ ഫ്രാൻസിസ്കോയിൽവെച്ചാണ് വധശ്രമം ഉണ്ടായത്. 40-ആം പ്രസിഡന്‍റ് റൊണാൾഡ് റീഗന് നേരെ 1981 മാർച്ചിൽ വാഷിങ്ടൺ ഡിസിയിൽ വെച്ച് വധശ്രമമുണ്ടായതും ചരിത്രമാണ്. ഈ കേസിലെ പ്രതി മനോരോഗിയായിരുന്നു. യുഎസിന്‍റെ 43-ആം പ്രസിഡന്‍റായിരുന്ന ജോർജ് ഡബ്ല്യു ബുഷും വധശ്രമത്തെ അതിജീവിച്ച നേതാവാണ്. 2005ൽ ജോർജിയൻ തലസ്ഥാനമായ ടിബിലിസിയിൽവെച്ച് ബുഷിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടാവുകയായിരുന്നു.