യുഎഇയിൽ പുതിയ കാബിനറ്റ് മന്ത്രിമാരെ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിതനായി. അതോടൊപ്പം പ്രതിരോധ മന്ത്രി സ്ഥാനവും ഷെയ്ഖ് ഹംദാൻ വഹിക്കും.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഫെഡറൽ ഗവൺമെൻ്റിലെ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രിയുടെ ചുമതല നിലനിർത്തി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. മുമ്പ് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രിയായിരുന്ന സാറാ അൽ അമീരിയെ യുഎഇ വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചു.
ഹ്യൂമൻ റിസോഴ്‌സ്, എമിറേറ്റൈസേഷൻ മന്ത്രിയായ ഡോ. അബ്ദുൾ റഹ്മാൻ അൽ അവാർ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് ബെൽഹൂൾ ഇനി കായിക മന്ത്രാലയത്തിലും ആലിയ അബ്ദുല്ല അൽ മസ്റൂയ് സംരംഭകത്വ സഹമന്ത്രിയായും പ്രവർത്തിക്കും. അതോടൊപ്പം കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തെ ഉൾപ്പെടുത്തി വിദ്യാഭ്യാസ-മനുഷ്യവിഭവശേഷി കൗൺസിൽ വിപുലീകരിക്കുകയും ചെയ്തു.