അഞ്ചര വര്‍ഷം വാഗണ്‍ ആറിൻ്റെ പത്തു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് മാരുതിയുടെ പുതുചരിത്രം. 2019ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിൻ്റെ ഏറ്റവും പുതിയ മോഡലാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിൻ്റെ ആദ്യമോഡൽ മുതൽ ഇതുവരെ 32.1 ലക്ഷം കാറുകൾ നിരത്തിലിറങ്ങിക്കഴിഞ്ഞു.
തുടര്‍ച്ചയായി മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ വില്‍പനയില്‍ ഒന്നാമതെത്തിയ ചരിത്രമുണ്ട് വാഗണ്‍ ആറിന്. ഏറ്റവും കൂടുതല്‍ വില്‍പന രേഖപ്പെടുത്തിയ 2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 5.73% വില്‍പന കുറഞ്ഞെങ്കിലും 2,00,177 വാഗണ്‍ ആറുകള്‍ 2024 സാമ്പത്തിക വര്‍ഷവും വിറ്റുപോയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആകെ 17.5 ലക്ഷം യൂണിറ്റുകള്‍ വിറ്റ മാരുതിയുടെ വില്‍പനയില്‍ 11% പങ്കും വാഗണ്‍ ആറിന് സ്വന്തമാണ്.
1999ലാണ് ടോള്‍ ബോയ് ഡിസൈനില്‍ വാഗണ്‍ ആറിനെ മാരുതി പുറത്തിറക്കുന്നത്. ഇതിനിടെ 32.1 ലക്ഷം വാഗണ്‍ ആർ കാറുകൾ നിരത്തിലെത്തിക്കഴിഞ്ഞു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ വാഗൻ ആറിൻ്റെ 30 ലക്ഷം വില്‍പന നേട്ടം കഴിഞ്ഞ വര്‍ഷം മെയ് മാസത്തിൽ കൈവരിച്ചിരുന്നു.
പുറത്തിറങ്ങിയതിനു ശേഷം ഇന്നുവരെ വാഗണ്‍ ആര്‍ ജനപ്രിയ പട്ടികയില്‍ നിന്നും പുറത്തുപോയിട്ടില്ല. മാരുതിയുടെ മറ്റു ജനപ്രിയ വാഹനങ്ങളായ എര്‍ട്ടിഗ, ഫ്രോങ്‌സ്, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ വാഗണ്‍ ആറിനെ തോൽപ്പിക്കാൻ പകരക്കാരില്ല.