ഉലകനായകൻ കമൽഹാസന് മലയാള സിനിമ കൂട്ടായ്മയായ അമ്മയിൽ ഓണററി അംഗത്വം നൽകി. ജനറൽ സെക്രട്ടറി സിദ്ധിഖിൽനിന്ന് ഉലകനായകൻ അമ്മ ഓണററി അംഗത്വം ഏറ്റുവാങ്ങി. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് അമ്മ ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. മെമ്പർഷിപ്പ് ക്യാംപെയിന് തുടക്കമിട്ടാണ് അംഗത്വം നൽകിയത്.
കമൽഹാസൻ മലായാള സിനിമാകൂട്ടായ്മയുടെ ഭാഗമായതിൽ അഭിമാനമെന്ന് ഭാരവാഹികളുടെ പ്രതികരണം. ‘അമ്മ’ കുടുംബത്തിൻ്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിൻ്റെയും ശക്തിയാണ് ഈ കുടുംബമെന്നും അമ്മ ഭാരവാഹികൾ പറഞ്ഞു.
കമൽഹാസൻ്റെ പുതിയ ചിത്രം ഇന്ത്യൻ 2ന് അമ്മ ഭാരവാഹികൾ ആശംസകളും അറിയിച്ചിട്ടുണ്ട്. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചെറുപ്പം മുതൽ തന്നെ മലയാള സിനിമയുമായി അഭേദ്യമായ ബന്ധമുണ്ട് നടൻ കമൽഹാസന്. ‘കണ്ണും കരളും’ എന്ന ചിത്രത്തിലൂടെയാണ് കമൽ മലയാള സിനിമയിൽ ആദ്യമായി എത്തുന്നത്.
ഓര്‍മ്മകള്‍ മരിക്കുമോ, ശിവതാണ്ഡവം, മദനോത്സവം, ശ്രീദേവി ,കാത്തിരുന്ന നിമിഷം, അനുമോദനം, ആശിര്‍വാദം, അഷ്ടമംഗല്യം, വിഷ്ണുവിജയം ,സ്വിമ്മിംഗ് പൂൾ, ഡെയ്സി തുടങ്ങി നിരവി മലയാള ചിത്രങ്ങളിൽ കമൽഹാസൻ വേഷമിട്ടിട്ടുണ്ട്.