അബുദാബിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി സ്ത്രീകളുടെ പ്രസവാവധി നീട്ടി. 90 ദിവസമായി പ്രസവാവധി വർധിപ്പിച്ചതായി കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് (ഡിസിഡി) അറിയിച്ചു. അമ്മമാർക്ക് നവജാത ശിശുവിനെ പരിപാലിക്കാനും വിശ്രമിച്ച് ആരോഗ്യം സംരക്ഷിക്കാനുമുള്ള സമയം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
യുഎഇ തൊഴിൽ നിയമമനുസരിച്ച് പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് മൂന്ന് മാസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധിയാണ് ലഭിക്കുക. അതേസമയം, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകൾക്ക് സാധാരണയായി 60 ദിവസമാണ് അവധി ലഭിക്കുക. ഇതിൽ 45 ദിവസം പൂർണ്ണ വേതനവും 15 ദിവസം പകുതി വേതനവുമാണ് നൽകുന്നത്. ഈ നിയമത്തിലാണ് ഇപ്പോൾ അബുദാബിയിൽ വ്യത്യാസം വരുത്തിയിരിക്കുന്നത്.
അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റിയാണ് നിയമം നടപ്പിലാക്കുന്നത്. എമിറേറ്റിലെ എമിറാത്തി കുടുംബങ്ങളെ സഹായിക്കാൻ ആരംഭിച്ച ആറ് സംരംഭങ്ങളിൽ ഒന്നാണിതെന്ന് അധികൃതർ വ്യക്തമാക്കി.