ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിൻ്റെ ചെയർമാനും യുഎഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായിയുമായ റാം ബുക്സാനി ദുബായിൽ അന്തരിച്ചു. 83 വയസായിരുന്നു. പുലർച്ചെ ഒന്നോടെ സ്വവസതിയിലായിരുന്നു അന്ത്യം.
1959 നവംബറിലാണ് റാം ബുക്സാനി ദുബായിൽ എത്തുന്നത്. 18 വയസ്സുള്ളപ്പോൾ കടൽ മാർഗം ദുബായിൽ വന്നിറങ്ങിയ റാം ബുക്സാനി പിന്നീട് അറിയപ്പെടുന്ന ബിസനസ് സാമ്രാജം കെട്ടിപ്പടുക്കുകയായിരുന്നു. കോസ്‌മോസിൻ്റെ ആദ്യ ഷോറൂം 1969-ൽ ദെയ്‌റയിൽ തുറന്ന അദ്ദേഹം ഹോസ്പിറ്റാലിറ്റി , ഹോട്ടൽ മേഖലകളിലേക്കും ചേക്കേറി.
അംബാസഡർ ഹോട്ടൽ, ഡെയ്‌റ, അസ്റ്റോറിയ ഹോട്ടൽ എന്നിവയിൽ ഓഹരികൾ സ്വന്തമാക്കിയ ഗ്രൂപ്പ് ഓരോ ഇടവേളകളിലും വളർച്ചയുടെ പടവുകൾ കയറി. ഐടിഎൽ കോസ്‌മോസ് ഗ്രൂപ്പ് എഫ് ആൻഡ് ബി മേഖലയിലേക്ക് കടന്നുചെല്ലുകയും ക്വാളിറ്റി ഐസ്ക്രീം പുറത്തിറക്കുകയും ചെയ്തു.
ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങി വിവിധ പദവികൾ വഹിച്ച വ്യക്തിയാണ് റാം ബുക്സാനി. ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രകാരം യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരിൽ ഒരാളായി അദ്ദേഹം റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
1987-ൽ ഇന്ത്യൻ വൈസ് പ്രസിഡൻ്റായിരുന്ന ഡോ.ശങ്കർ ദയാൽ ശർമ്മയിൽനിന്ന് ന്യൂഡൽഹിയിലെ അസോസിയേഷൻ ഓഫ് ശിരോമണി അവാർഡും 2002-ൽ ഇന്ത്യൻ സർക്കാരിൻ്റെ കേന്ദ്ര ധനകാര്യ സഹമന്ത്രി ബാലാസാഹേബ് വിഖേ പട്ടേൽ സമ്മാനിച്ച മുംബൈയിലെ ഇന്ത്യൻ മർച്ചൻ്റ്‌സ് ചേംബർ നൽകുന്ന ഭാരത് ഗൗരവ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
യുഎഇയിൽ നിരവധി ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്. 1983-ൽ സമൂഹത്തിനായുള്ള സേവനങ്ങൾക്കായി വിശ്വ സിന്ധി സമ്മേളനത്തിൽ (ലോക സിന്ധി സമ്മേളനം) അദ്ദേഹത്തെ ഷീൽഡ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു. ഇറാഖ്- കുവൈത്ത് അധിനിവേശ കാലത്ത് പ്രവാസികൾക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും മുൻനിരയിൽ പ്രവർത്തിച്ചതും ശ്രദ്ധേയമാണ്. ടേക്കിങ് ദി ഹൈറോഡ്’എന്ന ആത്മകഥ പ്രസിദ്ധികീരിച്ചിട്ടുണ്ട്. 28 നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്.