യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി നടൻ ഷാജു ശ്രീധർ. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഷാജു വിസ സ്വീകരിച്ചത്. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്.
മിമിക്രി വേദികളിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് ഷാജു ശ്രീധർ. നൂറോളം സിനിമകൾക്ക് പുറമെ നിരവധി ടെലിവിഷൻ സീരിയലുകൾ, സ്റ്റേജ് ഷോകൾ എന്നിവയിലെ നിറസാന്നിധ്യമായിരുന്നു ഷാജു. നടി ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ. മിമിക്രി താരവും നടനുമായ നോബിക്കൊപ്പമെത്തിയാണ് ഷാജു വിസ സ്വീകരിച്ചത്.
ബിസിനസ്-ചലച്ചിത്ര-കായിക-സാംസ്കാരിക-സാഹിത്യ രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. നേരത്തെ മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ടൊവിനോ തോമസ്, ആസിഫ് അലി, ആശ ശരത്ത്, ശ്വേതാ മേനോൻ, ഹണി റോസ് തുടങ്ങി നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.