ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് രാഹുൽ ദ്രാവിഡ്. ഈ അവസരത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. ഏകദിന ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ താൻ പരിശീലക സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നതായും ക്യാപ്റ്റൻ രോഹിത് ശർമയുടെ നിർബന്ധത്തെത്തുടർന്നാണ് തീരുമാനം പിൻവലിച്ചതെന്നുമാണ് ദ്രാവിഡ് വ്യക്തമാക്കിയത്.
“നന്ദി പറയേണ്ടത് രോഹിത് ശർമ്മയോടാണ്. കഴിഞ്ഞ നവംബറിൽ രോഹിത്തിന്റെ ആ ഫോൺ കോൾ എത്തിയില്ലായിരുന്നെങ്കിൽ ഇന്ന് ഈ കിരീടം എനിക്ക് ലഭിക്കുമായിരുന്നില്ല. രോഹിത്താണ് എന്നെ വിളിച്ച് ട്വന്റി20 ലോകകപ്പ് വരെ തുടരാൻ ആവശ്യപ്പെട്ടത്. കരിയറിൽ നേടിയ വിക്കറ്റോ റൺസോ അല്ല ഇത്തരം നിമിഷങ്ങളാണ് നിങ്ങൾ എന്നും ഓർത്തിരിക്കാൻ പോകുന്നത്” എന്നാണ് ദ്രാവിഡ് പറഞ്ഞത്.
അതേസമയം, ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ ആരാണ് പുതിയ പരിശീലകനെന്ന് ബിസിസിഐ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ഈ മാസം അവസാനം ശ്രീലങ്കയിൽ ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ചുമതലയേൽക്കുമെന്ന് ഇന്നലെ ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ, മുൻ ഇന്ത്യൻ വനിതാ ടീം പരിശീലകൻ ഡബ്ല്യു.വി.രാമൻ എന്നിവരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ബിസിസിഐ ഇരുവരുമായി അഭിമുഖവും നടത്തിയിരുന്നു.