അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇതിനുപിന്നാലെ പഴയ ഭാരവാഹികൾ സ്ഥാനമൊഴിയുകയാണ്. ഇപ്പോൾ ‘അമ്മ’യുടെ വൈസ് പ്രസിഡൻ്റ് സ്ഥാനമൊഴിഞ്ഞിരിക്കുകയാണ് നടി ശ്വേത മേനോൻ. അമ്മയിൽ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ബഹുമതിയാണെന്നും ശ്വേത സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.
“അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയിൽ എൻ്റെ കാലാവധി അവസാനിക്കുമ്പോൾ, ഞാൻ അഭിമാനവും നന്ദിയും കൊണ്ട് വീർപ്പുമുട്ടുകയാണ്. 2021 മുതൽ 2024 വരെയുള്ള വർഷങ്ങൾ നിരവധി ഉയർച്ചകളും വളരെ കുറച്ച് താഴ്ചകളുമുള്ള അവിശ്വസനീയമായ യാത്രയായിരുന്നു അത്. ഞങ്ങളുടെ ‘അമ്മ’യെ സേവിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ലാലേട്ടാ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ഒരു ബഹുമതിയാണ്.
കഴിഞ്ഞ 25 വർഷമായി നൽകിയ മികച്ച സംഭാവനകൾക്ക് ഇടവേള ബാബു ഏട്ടന് പ്രത്യേക നന്ദി നിങ്ങൾ കാരണം ‘അമ്മ’ ഇപ്പോൾ നമ്മുടെ സഹപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കൂടുതൽ അർഥവത്തായ ഒരു സംഘടനയായി മാറിയിരിക്കുന്നു. നിങ്ങൾ എന്നിലർപ്പിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾക്കും അമ്മയിലെ എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. നമ്മൾ ഒരുമിച്ച് വലിയ കാര്യങ്ങൾ ചെയ്യുകയും നമ്മുടെ ലക്ഷ്യത്തിൽ എത്തിച്ചേരുമെന്ന് ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു.
പുതിയ കമ്മിറ്റിക്ക് കീഴിൽ അമ്മ കൂടുതൽ കരുതയായി മുന്നേറുമെന്നും മലയാള സിനിമ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. ഹൃദയം നിറഞ്ഞ നന്ദിയോടെ, ശ്വേതാ മേനോൻ” എന്നാണ് താരം കുറിച്ചത്. ശ്വേത മേനോൻ സ്ഥാനമൊഴിയുന്നതോടെ പുതിയ വൈസ് പ്രസിഡൻ്റുമാരായി പ്രവർത്തിക്കുക ബാബുരാജും ജയൻ ചേർത്തലയുമാണ്.