ഒരുപാട് സ്നേഹിക്കുന്നവരുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണ്. ഒരിക്കൽ കൂടി കാണണമെന്ന് വിചാരിച്ചാൽ പോലും സാധ്യമാകില്ലെന്ന തിരിച്ചറിവ് പതിയെ മനസിന്റെ വിങ്ങലായി മാറും. ഈ അവസരത്തിൽ വേർപെട്ടവരുടെ ഓർമ്മകളും അവരുടെ പ്രിയപ്പെട്ട വസ്തുക്കളും മാത്രമായിരിക്കും ഏക ആശ്രയം. ഇത്തരത്തിൽ അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ഗന്ധം പെർഫ്യൂം ആക്കി മാറ്റണമെന്ന ഭാര്യ രേണുകയുടെ ആഗ്രഹം സാധിച്ചുനൽകിയിരിക്കുകയാണ് അവതാരിക ലക്ഷ്മി നക്ഷത്ര.
ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റി നൽകിയത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ചു വെച്ചിരുന്നു. ഈ വസ്ത്രങ്ങളിലെ ഗന്ധം തിരിച്ചറിഞ്ഞാണ് യൂസഫ് പെർഫ്യൂം ഉണ്ടാക്കി നൽകിയത്. ഇതിന്റെ വീഡിയോ ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭർത്താവിൻ്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്നും അതിന് സഹായിക്കാമോ എന്നും രേണുക ലക്ഷ്മി നക്ഷത്രയോട് ഒരിക്കൽ ചോദിച്ചിരുന്നു.
തുടർന്നാണ് ലക്ഷ്മി നക്ഷത്ര ദുബായിലെത്തി പെർഫ്യൂം ഉണ്ടാക്കുന്ന യൂസഫ് ഭായിയെ സമീപിച്ചത്. ഉടൻ തന്നെ അതേ ഗന്ധത്തിൽ പെർഫ്യൂം ഉണ്ടാക്കി നൽകുകയും ചെയ്തു. പിന്നീട് യൂസഫും രേണുവും ഫോണിൽ സംസാരിക്കുന്നതും ഇരുവരും കരയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇതോടെ നിരവധി പേരാണ് ലക്ഷ്മി നക്ഷത്രയുടെ നല്ല മനസിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
വിവിധതരം പെർഫ്യൂമുകൾ ഉണ്ടാക്കുന്നതിൽ അന്തർദേശീയ തലത്തിൽ വിദഗ്ധനാണ് സുഗന്ധ മനുഷ്യൻ എന്നറിയപ്പെടുന്ന യൂസഫ് ഭായ്. കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം ഏത് ഗന്ധവും മണത്തുനോക്കി നിമിഷങ്ങൾക്കകം അദ്ദേഹം പെർഫ്യൂം രൂപത്തിലാക്കി മാറ്റി നൽകും. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതിനായി അദ്ദേഹത്തെ സമീപിക്കുന്നത്.