ഇംഗ്ലണ്ടിനെ തകർത്ത് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ. 68 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്ത് പുറത്താകുകയായിരുന്നു. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് മേഖലകളിൽ സമ്പൂർണ ആധിപത്യം പുലർത്തിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റവും ജയവും. പത്ത് വർഷങ്ങൾക്ക് ശേഷം ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നു എന്ന പ്രത്യേകത ഈ വിജയത്തിന്റെ മധുരം ഇരട്ടിപ്പിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ വിരാട് കോലിയെ (9) റീസ് ടോപ്ലി ബൗൾഡാക്കി. പിന്നാലെ ഋഷഭ് പന്തിനെ (4) സാം കറനും പുറത്താക്കിയതോടെ ഇന്ത്യ 5.2 ഓവറിൽ രണ്ടിന് 40 റൺസെന്ന നിലയിലായിരുന്നു. തുടർന്നായിരുന്നു ഇന്ത്യയെ കരകയറ്റിയ രോഹിത് – സൂര്യകുമാർ കൂട്ടുകെട്ട്. ഇന്ത്യൻ സമയം എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം വൈകുകയായിരുന്നു. പിന്നാലെ എട്ട് ഓവറിൽ ഇന്ത്യ രണ്ടിന് 65 റൺസെന്ന നിലയിൽ നിൽക്കെ വീണ്ടും മഴയെത്തിയതോടെ മത്സരം തടസപ്പെട്ടിരുന്നു.
2007-ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യൻമാരാണ് ഇന്ത്യ. എന്നാൽ 2014-ലെ ഫൈനലിൽ ഇന്ത്യയെ ആറ് വിക്കറ്റുകൾക്ക് തോൽപിച്ച് ശ്രീലങ്ക കിരീടം നേടുകയായിരുന്നു. ഇത്തവണ അവസാന വിജയം സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തോടെ തന്നെയായിരിക്കും ടീം ഇന്ത്യ ഫൈനലിൽ കളിക്കാനിറങ്ങുക. 29-ന് രാത്രി എട്ട് മണിക്ക് നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഏറ്റുമുട്ടുക. കിരീടം ചൂടുന്നതാരെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.