ടെലിവിഷൻ ദേഹത്തേയ്ക്ക് മറിഞ്ഞുവീണ് എറണാകുളത്ത് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെയും നസിയയുടെയും മകൻ അബ്ദുൾ സമദാണ് മരിച്ചത്. അപകടം നടന്നയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ ടെലിവിഷനും സ്റ്റാന്റും ഉൾപ്പെടെ കുട്ടിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കഴുത്തിനുമുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ കുട്ടിയെ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിൻ്റെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയും പുലർച്ചെയോടെ മരണപ്പെടുകയുമായിരുന്നു. അബ്ദുൾ സമദിന് മൂന്ന് സഹോദരങ്ങളുമുണ്ട്. മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.