ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി വീണ്ടും നിയമിതനായ എസ്. ജയശങ്കർ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.അബുദാബിയിലായിരുന്നു കൂടിക്കാഴ്ച.
യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ സാമ്പത്തിക പങ്കാളിത്തത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതി ഇരുവരും വിലയിരുത്തി. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്കാരം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജം, കാലാവസ്ഥ വ്യതിയാനം തുടങ്ങി എല്ലാ മേഖലകളിലും സംയുക്ത സഹകരണം ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമങ്ങൾ ശൈഖ് അബ്ദുള്ളയും ഡോ. ജയ്ശങ്കറും ചർച്ചചെയ്തു.
2022 മെയ് മാസത്തിൽ ആരംഭിച്ച യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) സാമ്പത്തിക, വ്യാപാര സഹകരണം ഗണ്യമായി ഉയർത്തിയെന്നും ഇരു രാജ്യങ്ങളുടെയും ദേശീയ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതായും ശൈഖ് അബ്ദുള്ള കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സംഘടനകൾക്കുള്ളിലെ സഹകരണത്തെക്കുറിച്ചും മിഡിൽ ഈസ്റ്റ് സാഹചര്യം ഉൾപ്പെടെയുള്ള നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.