കുവൈത്തിൽ സമയനിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ 90 ഡെലിവറി ബൈക്കുകൾ കണ്ടുകെട്ടി അധികൃതർ. ഡെലിവറി ബൈക്ക് ജീവനക്കാർക്ക് പകൽ സമയത്ത് ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് ലംഘിച്ചതിന്റെ ഭാഗമായാണ് നടപടി.
റോഡുകളിൽ ഡെലിവറി ബൈക്കുകൾ നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഹോം ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ട് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. രാജ്യത്ത് ജൂൺ മുതൽ ആഗസ്റ്റ് വരെ രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിയമം ലംഘിക്കുന്ന കമ്പനിക്ക് ആദ്യം മുന്നറിയിപ്പ് നൽകും. തുടർന്നും നിയമലംഘനം കണ്ടെത്തിയാൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 100 ദിനാർ മുതൽ 200 ദിനാർ വരെ പിഴയും ചുമത്തും. ഡെലിവറി കമ്പനികളും ജീവനക്കാരും ഈ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.