ബ്രേക്ക് ഡാൻസ് ഇനി മുതൽ കല മാത്രമല്ല, കായിക ഇനം കൂടിയാണ്. അതിന് മുന്നോടിയായി ഇത്തവണ ഒളിമ്പിക്സിൽ ഒരു മത്സര ഇനമായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ബ്രേക്ക് ഡാന്‍സ്. പാരീസ് ഒളിമ്പിക്സിലാണ് ബ്രേക്ക് ഡാൻസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ അത്ലറ്റിസവും സൂക്ഷ്മതയും ഫിറ്റ്നസും ആവശ്യമുള്ള കായികയിനം ആയതിനാലാണ് ഈ പ്രഖ്യാപനമെത്തിയത്.
ഡൗൺ റോക്ക്, ടോപ് റോക്ക്, പവർ മൂവ്സ്, ഫ്രീസ് തുടങ്ങിയ ഇനങ്ങളാണ് മത്സരം നടത്തപ്പെടുക. ബി ബോയ്സ്, ബി ഗേൾസ് എന്നിങ്ങനെ രണ്ട് വിഭാഗത്തിലാണ് മത്സരം. ഇരുവിഭാഗത്തിലും 16 പേർ വീതമാണ് പോരാടുക. വ്യക്തിഗതമായാണ് മത്സരം എന്നതാണ് പ്രത്യേകത.
മത്സരത്തിലെ ജേതാക്കളെ നിശ്ചയിക്കുന്നതിനായി അഞ്ച് ജഡ്ജുമാരാണുണ്ടാകുക. ക്രിയേറ്റിവിറ്റി, പേഴ്സണാലിറ്റി, ടെക്നിക്, വെറൈറ്റി, പെർഫോർമേറ്റിവിറ്റി, മ്യൂസിക്കാലിറ്റി എന്നിങ്ങനെ ആറ് വിഭാഗങ്ങളെ കണക്കാക്കിയാണ് പോയിന്റ് ലഭിക്കുക. ടെക്നിക്, പെർഫോർമേറ്റിവിറ്റി, ക്രിയേറ്റിവിറ്റി എന്നിവയ്ക്കായി 60 ശതമാനവും മറ്റ് മൂന്ന് വിഭാഗങ്ങളിലായി 40 ശതമാനവും പോയിന്റുമാണുണ്ടാകുക.