മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻ്റ് പദവിയിൽ നടൻ മോഹൻലാൽ തുടരും. ഈ പദവിയിലേയ്ക്ക് മൂന്നാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. താര സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പത്രികാ സമർപ്പണത്തിൻ്റെ സമയം കഴിഞ്ഞപ്പോൾ പ്രസിഡൻ്റ് സ്ഥാനത്ത് മോഹൻലാൽ മാത്രമാണ് ഉണ്ടായത്. ഇതോടെയാണ് മോഹൻലാലിനെ വീണ്ടും തിരഞ്ഞെടുത്തത്.
അതേസമയം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെൻ്ററിലാണ് തിരഞ്ഞെടുപ്പ് നടക്കുക. സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡൻ്റ് പദവിയിൽ നിലവിൽ ഉണ്ടായിരുന്നത് ശ്വേത മേനോൻ, മണിയൻപിള്ള രാജു എന്നിവരായിരുന്നു. ഈ പദവികളിലേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് മത്സരിക്കുന്നത്.
വോട്ടിങ് അവകാശമുള്ള 506 അംഗങ്ങൾ ചേർന്നാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുക. ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് താൻ ഒഴിയുകയാണെന്ന് ഇടവേള ബാബു അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരം നടത്താൻ തീരുമാനിച്ചത്. അമ്മ രൂപീകരിച്ച 1994 മുതൽ അംഗമായ ഇടവേള ബാബു ജോയിൻ്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായുമെല്ലാം പ്രവർത്തിച്ചുവന്നിരുന്നു.