ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒരുവർഷത്തിനകം 6,700 കോടീശ്വരൻമാർ യു.എ.ഇയിലേക്ക് താമസം മാറുമെന്ന് പഠനം. ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പുറത്തിറക്കിയ ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബിസിനസുകാര്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ മറ്റ് രാജ്യങ്ങളെ പിന്നിലാക്കിയാണ് യു.എ.ഇയുടെ കുതിപ്പ്.
മിഡിലീസ്റ്റിലെ വമ്പൻമാർക്ക് പുറമേ ഇന്ത്യ, റഷ്യ , ആഫ്രിക്ക എന്നിവിടങ്ങളിലെ കോടീശ്വൻമാരും കുടിയേറ്റം ആഗ്രഹിക്കുന്നു. ബ്രിട്ടീഷുകാരും മുൻപന്തിയിലുണ്ട്. കോടീശ്വരൻമാരെ ആകർഷിക്കുന്ന കാര്യത്തിൽ മുന്നിലുളള അമേരിക്കയുടേതിനേക്കാൾ ഇരട്ടി കോടീശ്വരന്മാരെ ഈ വര്‍ഷം യുഎഇ ആകര്‍ഷിക്കുമെന്നാണ് പ്രധാന കണ്ടെത്തൽ.
സീറോ ഇന്‍കം ടാക്‌സ്, ഗോള്‍ഡന്‍ വിസ, ആഢംബര ജീവിതം, എമിറേറ്റ്സ്, ഫ്ളൈ ദുബായ് തുടങ്ങി വിമാനക്കമ്പനികളുടെ കണക്റ്റിവിറ്റി എന്നിവയാണ് യൂറോപ്പില്‍ നിന്നുള്ള കോടീശ്വരന്മാരെ പ്രധാനമായും യുഎഇയിൽ എത്തിക്കുന്നത്. സർവ്വേയിലെ കണക്കനുസരിച്ച് 2024-ല്‍ 3,800 കോടീശ്വരന്മാര്‍ മാത്രമേ യുഎസ്സില്‍ എത്തുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
യുഎഇയില്‍ 116,500 കോടീശ്വരന്മാരും 308 ശതകോടീശ്വരന്മാരും 20 സഹസ്ര കോടീശ്വരന്മാരുമുണ്ടെന്നും കണക്കുകൾ പറുന്നു. ആഗോളതലത്തിൽ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 14-ആം സ്ഥാനമാണ് യുഎഇയിക്കുളളത്. 10 ലക്ഷം ഡോളറോ അതില്‍ കൂടുതലോ നിക്ഷേപ ശേഷിയുള്ളവരെയാണ് ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളായി ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് കണക്കാക്കുന്നത്.