100 ദിവസങ്ങൾ നീണ്ട കടുത്ത മത്സരങ്ങൾക്കൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 6ലെ വിജയിയെ പ്രഖ്യാപിച്ചു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഫിനാലെയിൽ കപ്പുയർത്തിയത് ജിന്റോയാണ്. പ്രവചനങ്ങൾ ശരിവയ്ക്കും വിധമായിരുന്നു ഷോയുടെ വിജയിയെ പ്രഖ്യാപിച്ചത്. ഷോയിൽ റണ്ണറപ്പായി തിരഞ്ഞെടുത്തത് അർജുനെയാണ്.
ബിഗ് ബോസ് മലയാളത്തിലെ ആറാം സീസണിൽ സെലിബ്രിറ്റികളുടെ ഫിറ്റ്നെസ് ഗുരുവെന്ന വിശേഷണം മാത്രമായിരുന്നു ജിന്റോയ്ക്കുണ്ടായിരുന്നത്. അവിടെ നിന്നും പതിയെപ്പതിയെ ജിന്റോ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഷോയിൽ പലപ്പോഴും മണ്ടനെന്ന് മുദ്രകുത്തപ്പെട്ട ജിന്റോ തന്റെ കഠിനാധ്വാനത്തിലൂടെയാണ് വിജയ കിരീടം ചൂടിയത്. ടോപ്പ് ഫൈവിൽ ജിന്റോയോടൊപ്പം അർജുനും ജാസ്മിനും അഭിഷേകും ഋഷിയുമാണ് ഉണ്ടായിരുന്നത്.
ബിഗ് ബോസ് കിരീട നേട്ടത്തിന് ശേഷമുള്ള ജിന്റോയുടെ പ്രതികരണം വൈറലാകുകയാണ്. വീട്ടിൽ പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോൾ അമ്മ പറയാറുണ്ട് ‘മോൻ തളരുത്, മോനാണ് വീടിന്റെ വിളക്കെന്നാണ്. ഇപ്പോൾ ഞാൻ നാടിന്റെ വിളക്കായി’ എന്നാണ് ജിന്റോ വികാരധീനനായി പറഞ്ഞത്. വിജയിയെ പ്രഖ്യാപിച്ചതോടെ ബിഗ് ബോസ് ഷോയ്ക്ക് തിരശീല വീണു. ഇനി അടുത്ത സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.