ടി20 ലോകകപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ഒരു മത്സരം പോലും ഒഴിവാക്കാൻ ഇഷ്ടപ്പെടാത്ത ആരാധകർക്ക് മഴയുള്ള ദിവസങ്ങൾ കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്. ഈ അവസരത്തിൽ മഴയെത്തുടർന്ന് ഏതാനും മത്സരങ്ങൾ ഉപേക്ഷിച്ചതിൽ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ താരം സുനിൽ ഗാവസ്കർ. ഗ്രൗണ്ട് മുഴുവൻ മറയ്ക്കാൻ കവറുകൾ ഇല്ലെങ്കിൽ മത്സരങ്ങൾ സംഘടിപ്പിക്കരുതെന്നാണ് ഐസിസിയോട് ഗവാസ്കർ അവശ്യപ്പെട്ടത്.
ഫ്ളോറിഡയിൽ മഴമൂലം മൂന്ന് മത്സരങ്ങൾ ഉപേക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗവാസ്കറിന്റെ പ്രതികരണം. പിച്ചിൻ്റെ ഭാഗം മാത്രം മറച്ചതുകൊണ്ട് കാര്യമില്ലെന്നും മറ്റ് ഭാഗങ്ങൾ നനയുമെന്നും അദ്ദേഹം പറഞ്ഞു. ‘ഗ്രൗണ്ട് മുഴുവൻ മൂടാൻ കവറില്ലാത്തയിടങ്ങളിൽ മത്സരം സംഘടിപ്പിക്കരുതെന്ന് ഐ.സി.സി.യോട് അപേക്ഷിക്കുകയാണ്. പിച്ച് മാത്രം മൂടിയാൽ മറ്റു ഭാഗങ്ങളിൽ നനവ് വരും. മികച്ച മത്സരം കാണാൻ വരുന്നവർക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു. ഇങ്ങനെയുണ്ടാവരുത്’ എന്നായിരുന്നു ഗാവസ്കറിന്റെ പ്രതികരണം.
ശനിയാഴ്ച ഇന്ത്യ-നേപ്പാൾ, ചൊവ്വാഴ്ച ശ്രീലങ്ക-നേപ്പാൾ, വെള്ളിയാഴ്ച യുഎസ്-അയർലൻഡ് ടീമുകളുടെ മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്. ഒരു ടീമിന് ആകെ നാല് മത്സരങ്ങളുള്ള ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിന് രണ്ട് മത്സരങ്ങൾ മഴമൂലം നഷ്ടപ്പെട്ടിരുന്നു. പല ടീമുകളുടെയും വിജയിക്കാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാകുന്നതെന്നാണ് ക്രിക്കറ്റ് ആരാധകരുടെയും പ്രതികരണം.