കുവൈത്തിലെ അനധികൃത താമസക്കാർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കാനിരിക്കെ കാലാവധി നീട്ടി കുവൈത്ത്. ഈ അവസരത്തിൽ രാജ്യത്തെ അനധികൃത താമസക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. നിയമലംഘകർ ജൂൺ 30നുള്ളിൽ രേഖകൾ ശരിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി. ബലിപെരുന്നാൾ അവധി കണക്കിലെടുത്താണ് തിയതി നീട്ടിയത്.
പൊതുമാപ്പ് അനുവദിച്ച കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ സാധിക്കും. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതിയും ലഭിക്കും. കൂടാതെ പൊതുമാപ്പ് സൗകര്യം ഉപയോഗിക്കുന്നവർക്ക് നാട്ടിൽ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകും. മാർച്ച് 17 മുതലാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി രാജ്യത്ത് തുടരുന്നവർക്ക് കടുത്ത പിഴയും ശിക്ഷയും ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് കുവൈത്തിലേക്ക് പിന്നീട് തിരിച്ചുവരാനും സാധിക്കില്ല. കുവൈത്തിൽ ഇതിന് മുമ്പ് പൊതുമാപ്പ് പ്രഖ്യാപിച്ചത് 2018 ജനുവരിയിലാണ്.