സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓർമ്മ പുതുക്കി യുഎഇ നിവാസികൾ ഇന്ന് വലിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ഏവർക്കും പെരുന്നാൾ ആശംസ അറിയിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നിരവധി ജിസിസി നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് ആശംസ കൈമാറി.
സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് യുഎഇ പ്രസിഡന്റ് ഏവർക്കും ഹൃദയസ്പർശിയായ പെരുന്നാൾ ആശംസ അറിയിച്ചത്. ”എൻ്റെ സഹോദരന്മാർക്കും എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇയിലെ പൗരന്മാർക്കും താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും ഞാൻ അനുഗ്രഹീതമായ ഈദ് അൽ അദ്ഹ ആശംസിക്കുന്നു. ദൈവം എല്ലാവർക്കും സമാധാനം നൽകട്ടെ, ഐക്യത്തിൻ്റെയും ഐക്യത്തിൻ്റെയും ആത്മാവിൽ ഞങ്ങളെ ഒരുമിച്ച് കൊണ്ടുവരട്ടെ” എന്നാണ് അദ്ദേഹം കുറിച്ചത്.
ഫോൺ സംഭാഷണത്തിലൂടെ ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖ്, ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കുവൈറ്റ് അമീർ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവരുമായി അദ്ദേഹം ഈദ് ആശംസകൾ കൈമാറി. ഇസ്ലാമിൻ്റെ പ്രധാന ആഘോഷങ്ങളിലൊന്നായ ഈദ് അൽ അദ്ഹ വാർഷിക ഹജ്ജ് തീർത്ഥാടനത്തിൻ്റെ പാരമ്യത്തെയാണ് അടയാളപ്പെടുത്തുന്നത്.