ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ സാമ്പത്തിക വിപണികൾക്ക് അവധി പ്രഖ്യാപിച്ചു. ജൂൺ 15 (ശനി) മുതൽ 18 (ചൊവ്വ) വരെയാണ് രാജ്യത്തെ സാമ്പത്തിക വിപണികൾക്ക് അവധി നൽകിയത്. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാല് ദിവസത്തെ അവധിയ്ക്ക് ശേഷം ജൂൺ 19 (ബുധൻ) മുതൽ ട്രേഡിങ്ങ് സാധാരണ രീതിയിൽ പുനരാരംഭിക്കുകയും ചെയ്യും. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച്, ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് എന്നിവരുമായി ചർച്ചകൾ നടത്തിയ ശേഷമാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്ത് പെരുന്നാൾ പ്രാമാണിച്ച് സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധിയാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം സ്വകാര്യ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.