കുവൈത്തിലെ മംഗഫിലുണ്ടായ തീപിടത്തിൽ കെട്ടിട, കമ്പനി ഉടമകൾക്കെതിരെ നടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രി. കെട്ടിട ഉടമ, കെട്ടിടത്തിൻ്റെ കാവൽക്കാരൻ, കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ്.
കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേരാണ് താമസിച്ചിരുന്നത്. ഒരു റസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികളെ തിക്കിനിറച്ച് പാർപ്പിച്ചത് കമ്പനിയും കെട്ടിട ഉടമകളും നടത്തിയ നിയമലംഘനമാണെന്നും ഇതിന്റെ ഫലമായാണ് നിരവധി പേർക്ക് ജീവൻ നഷ്ടമായതെന്നും സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മംഗഫ് ബ്ലോക്ക് നാലിലെ എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 35ലധികം പേരാണ് മരണപ്പെട്ടത്. 43ഓളം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോർട്ട്. തീ പടർന്നതോടെ രക്ഷപ്പെടുന്നതിനായി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.