പുതിയ ഫെഡറൽ ട്രാഫിക് നിയമത്തിന് അംഗീകാരം നൽകി യുഎഇ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് പുതിയ ഫെഡറൽ നിയമത്തിന് അംഗീകാരം നൽകിയത്.
പുതിയ നിയമപ്രകാരം വാഹനങ്ങളുടെ തരംതിരിക്കലും റോഡുകളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലും മാറ്റമുണ്ടാകും. ഡ്രൈവറില്ലാത്ത വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വർധിച്ചുവരുന്ന ഉപയോഗം പുതിയ നിയമത്തിൽ ഉൾപ്പെടും. അതോടൊപ്പം വിവിധ തരത്തിലുള്ള വ്യക്തിഗത ഗതാഗത മാർഗ്ഗങ്ങളും നിയമം പരിശോധിക്കും.
ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിൽ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങളും ഡ്രൈവിംഗ് ലൈസൻസുകളും പെർമിറ്റുകളും സസ്പെൻഡ് ചെയ്യൽ, വാഹന ഇൻഷുറൻസ്, പരിശോധന, ഡ്രൈവിംഗ് സ്കൂളുകൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ചുമുള്ള വ്യവസ്ഥകളും നിയമത്തിൽ പരിശോധിക്കും. രാജ്യത്തിൻ്റെ റോഡ് ശൃംഖലയുടെ പുരോഗതിക്ക് ഫെഡറൽ ട്രാഫിക് നിയമം ഗുണപ്രദമാകുമെന്നാണ് വിലയിരുത്തൽ.