സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. മന്ത്രിയായി തുടരുമെന്നും നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനമുണ്ടെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി വ്യക്തമാക്കിയത്. സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ തനിക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം കുറിച്ചു.
‘മോദി സർക്കാരിൻ്റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന വാർത്തയാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റാണ്. മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധനാണ്’ എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്നും കാബിനറ്റ് പദവി പ്രതീക്ഷിച്ചിട്ട് സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ അതൃപ്തിയുണ്ടെന്നുമുള്ള വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെയായിരുന്നു പ്രതികരണം. അതേസമയം, ഏത് വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുക എന്ന കാര്യത്തിലുള്ള തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.