യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ റഷ്യയിലേക്ക്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തും. യുക്രൈന്‍ വിഷയം ഉൾപ്പടെ ലോകത്തിന്റെ സുരക്ഷയും സുസ്ഥിരതയും പ്രധാന ചര്‍ച്ചയാകും.
സെർബിയയിലെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷമാണ് ശൈഖ് മുഹമ്മദ് റഷ്യയിലെത്തുന്നത്. ബാൾട്ടിക് തുറമുഖ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ആയിരിക്കും ശൈഖ് മുഹമ്മദിന്റേയും വ്ളാഡിമര്‍ പുടിന്‍റേയും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകൾ. ലോക സമാധാനം നിലനിര്‍ത്തുക എന്ന യുഎഇയുടെ പരിശ്രമം പ്രസിഡന്‍റിന്‍റെ റഷ്യന്‍ സന്ദര്‍ശനത്തിലെ സുപ്രധാനമാണ്.
സൈനിക വർദ്ധനവ് കുറയ്ക്കുന്നതിനും മാനുഷിക പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും ആഗോള സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനുമുളള രാഷ്ട്രീയ ഒത്തുതീർപ്പുകൾക്ക് യുഎഇ ശ്രമം നടത്തും. യുക്രൈന്‍-റഷ്യ യുദ്ധ പ്രതിസന്ധി അവസാനിപ്പിക്കാനുളള ശ്രമങ്ങളും ഉണ്ടാകുമെന്ന് യുഎഇ വിദേശകാര്യ -അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സൂചിപ്പിച്ചു.
2019 ൽ റഷ്യൻ പ്രസിഡന്റ് അബുദാബി സന്ദർശിച്ചപ്പോഴാണ് ശൈഖ് മുഹമ്മദും പുടിനും അവസാനമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഇരു നേതാക്കളും വിവിധ വിഷയങ്ങളില്‍ ഫോണ്‍ സമ്പാഷണങ്ങൾ നടന്നിട്ടുണ്ട്. 2018ല്‍ യുഎഇയും റഷ്യയും തമ്മില്‍ തന്ത്രപരമായ പങ്കാളിത്ത കരാര്‍ ഒപ്പുവച്ചിരുന്നു.