കേന്ദ്രമന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ഡൽഹിയിലേയ്ക്ക് പുറപ്പെട്ട് സുരേഷ് ഗോപി. നരേന്ദ്രമോദി ഡൽഹിയിൽ എത്താൻ നിർദേശിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്തെ വസതിയിൽ നിന്ന് സുരേഷ് ഗോപി യാത്ര പുറപ്പെട്ടത്. വൈകിട്ട് 4 മണിയോടെ സുരേഷ് ഗോപി ഡൽഹിയിലെത്തും. അതിനുശേഷം മോദിയുടെ വസതിയിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടക്കുക.
എത്രയും വേഗം ഡൽഹിയിലെത്തണമെന്ന് മോദി പറഞ്ഞതായും നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി യാത്ര പുറപ്പെടുന്നതിന് മുമ്പ് പറഞ്ഞു. കേന്ദ്ര മന്ത്രിസ്ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്കൊന്നും അറിയില്ലെന്നും തീരുമാനം നരേന്ദ്രമോദിയുടേത് ആണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവർത്തിക്കുന്ന എംപിയായിരിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി വേണമെന്ന നേതൃത്വത്തിൻ്റെ നിലപാടിനെ തുടർന്നാണ് കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപിയായ സുരേഷ് ഗോപിയെ പരിഗണിച്ചിരുന്നത്. ആറ് വർഷം എംപിയായി സീനിയോറിറ്റി ഉള്ളതിനാൽ സ്വതന്ത്ര ചുമതലയുള്ള വകുപ്പ് സുരേഷ് ഗോപിക്ക് ലഭിക്കുമെന്നായിരുന്നു സൂചന. ഇന്ന് വൈകുന്നേരം 7.30ന് രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ചാണ് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.