നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ.ഡി.എ സർക്കാർ ഇന്ന് അധികാരമേൽക്കും. വൈകിട്ട് 7.15-ന് രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മോദിക്കൊപ്പം ബി.ജെ.പിയുടെ മുതിർന്ന മന്ത്രിമാരും ഘടകകക്ഷികളുടെ മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞയുടെ ഭാഗമായി ഡൽഹിയും പരിസരവും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശുചീകരണത്തൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ ഭരണതലപ്പത്തുള്ളവർ വരെയുള്ള 8,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. വൈകിട്ട് 6.30-ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സമാധിയിൽ പുഷ്പങ്ങൾ അർപ്പിച്ചശേഷമാണ് മോദി സത്യപ്രതിജ്ഞാച്ചടങ്ങിനെത്തുക. പിന്നീട് രാത്രിയോടെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കും എന്നാണ് റിപ്പോർട്ട്.
രണ്ടാം മോദി മന്ത്രിസഭയിലെ ബി.ജെ.പി.യുടെ പ്രധാന മുഖങ്ങളായിരുന്ന രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്‌കരി, പിയൂഷ് ഗോയൽ എന്നിവർ മൂന്നാം മന്ത്രിസഭയിലും തുടരാനാണ് സാധ്യത. പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കുമെന്നാണ് സൂചന.