തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയ്ക്കും വിഘ്നേശ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങൾ പിറന്ന സംഭവത്തിൽ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.ഇന്ത്യയിലെ നിയമങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്നാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്. കല്യാണം കഴിച്ച് 5 വർഷത്തിന് ശേഷവും കുട്ടികൾ ഉണ്ടായില്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം തെരഞ്ഞെടുക്കാലൂ എന്നാണ് നിയമം.
21നും 36നും ഇടയിൽ പ്രായമുള്ള വിവാഹിതയ്ക്ക് ഭർത്താവിൻ്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാൻ സാധിക്കൂ. ഈ നിയമങ്ങൾ മറികടന്ന് വിവാഹിതരായി 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്നതാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്. നയൻതാരയോട് തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടും. നിയമലംഘനം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ ചെന്നൈയിൽ പറഞ്ഞു.
2022 ജൂണിലായിരുന്നു നയൻതാരയും വിഘ്നേഷും വിവാഹം കഴിച്ചത്. ഇന്നലെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഉയിരിനും ഉലകത്തിനും തങ്ങൾ മാതാപിതാക്കൾ ആയതായി താരങ്ങൾ പ്രഖ്യാപിച്ചത്.