ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരത്തിനൊരുങ്ങുകയാണ് ക്യാപ്റ്റൻ. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കും. മെയ് 16നാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സുനിൽ ഛേത്രി ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്. കുവൈത്തിനെയാണ് മത്സരത്തിൽ ഇന്ത്യ നേരിടുന്നത്. ലോക ഫുട്ബാളിൽ നിലവിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയതിൽ മൂന്നാം സ്ഥാനത്ത് സുനിൽ ഛേത്രിയാണ്. ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ആദ്യത്തെ രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കിയവർ.
39-കാരനായ താരം 2005-ൽ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഇന്ത്യൻ സീനിയർ ടീമിൽ അംഗമായത്. പിന്നീട് 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകളാണ് താരം സ്വന്തമാക്കിയത്. 2012 എഎഫ്സി ചലഞ്ച് കപ്പിലാണ് ഛേത്രി ആദ്യമായി നായകനാകുന്നത്. നെഹ്റുകപ്പിൽ അടക്കം രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാൻ ഛേത്രിക്കായി. ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും ബംഗളൂരു എഫ്.സിയെ കിരീടനേട്ടത്തിലേക്ക് നയിച്ചു. 2011-ൽ അർജുന അവാർഡും 2019ൽ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡും ഛേത്രി സ്വന്തമാക്കി.