വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ തലസ്ഥാനത്ത് കോൺഗ്രസിന് വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം നടന്നത്. ഒരു ഘട്ടത്തിൽ ബിജെപിയുടെ ലീഡ് മുന്നിട്ടുനിന്നെങ്കിലും അവസാനത്തോടടുത്തപ്പോൾ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി ശശി തരൂർ ഫിനിഷിലേക്ക് കുതിച്ചു.
2014-ൻ്റെ തനിയാവർത്തനമാണ് ഇന്ന് തിരുവനന്തപുരത്ത് കാണാൻ സാധിച്ചത്. നാലാം തവണയും തേരോട്ടം തുടർന്നിരിക്കുകയാണ് തരൂർ. വോട്ടെണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറായിരുന്നു മുന്നിട്ടു നിന്നത്. തുടക്കഘട്ടങ്ങളിൽ പിന്നോട്ട് പോയ തരൂർ അവസാന ലാപ്പിലായിരുന്നു ഫിനിഷ് ചെയ്‌തത്. മൂന്നാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനാണ്.
2019-ൽ 4,16,131 വോട്ടോടെ ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് തരൂർ വിജയം സ്വന്തമാക്കിയത്. അതേസമയം, ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് 3,16,142 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി സി.ദിവാകരൻ 2,58,556 വോട്ടുകളുമാണ് തിരുവന്തപുരത്ത് അന്ന് നേടിയത്.