തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനായുള്ള പ്രഖ്യാപനവുമായി യുഎഇ. യുഎഇയിൽ ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലുടമ തൊഴിൽ കരാർ അവസാനിപ്പിച്ചാൽ തൊഴിലാളിക്ക് പുതിയ ജോലി അന്വേഷിക്കുന്നതിനായി നോട്ടീസ് കാലയളവിൽ ആഴ്ചയിൽ ഒരു അവധിക്ക് അർഹതയുണ്ടെന്നാണ് നിയമം. ഈ ദിവസം ശമ്പളമില്ലാത്ത അവധിയായിരിക്കും.
യുഎഇയിൽ ഒരു തൊഴിലുടമയ്ക്കോ ജീവനക്കാരനോ കരാറിൽ വ്യക്തമാക്കിയിട്ടുള്ള നോട്ടീസ് കാലയളവ് നൽകി തൊഴിൽ കരാർ അവസാനിപ്പിക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ തൊഴിലുടമയ്ക്കും ജീവനക്കാരനും ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
പിരിച്ചുവിടുമ്പോൾ ജീവനക്കാരന് അർഹതയുള്ള അവകാശങ്ങൾ
• തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ തൊഴിലുടമ പാലിക്കുന്നില്ലെങ്കിൽ ഒരു ജീവനക്കാരന് അറിയിപ്പ് കൂടാതെ കരാർ അവസാനിപ്പിക്കാം.
• ഒരു തൊഴിലുടമ ജീവനക്കാരന് അറിയിപ്പ് കാലയളവ് നൽകുന്നില്ലെങ്കിൽ നഷ്ടപരിഹാരം നിർബന്ധമായും ആവശ്യപ്പെടാൻ സാധിക്കും.
• നഷ്ടപരിഹാരം മുഴുവൻ അറിയിപ്പ് കാലയളവിലെയോ അല്ലെങ്കിൽ അതിൻ്റെ ശേഷിക്കുന്ന ജീവനക്കാരൻ്റെ ശമ്പളത്തിന് തുല്യമായിരിക്കും
• പിരിച്ചുവിടൽ സംബന്ധിച്ച് രേഖാമൂലമുള്ള അറിയിപ്പ് നൽകണം
• തൊഴിൽ കരാർ അവസാനിപ്പിക്കുന്ന കക്ഷി 1 മാസം (30 ദിവസം) മുതൽ 3 മാസം (90 ദിവസം) വരെ നോട്ടീസ് പിരീഡ് നൽകണം.