യുഎഇയിൽ ഈദ് അൽ അദ്ഹയ്ക്കുള്ള തയ്യാറെടുപ്പിൻ്റെ ഒരുക്കങ്ങൾ മുന്നോട്ട്. അറവുശാലകളുടെ പ്രവർത്തന സമയം നീട്ടിയും പ്രാദേശിക ഡിമാൻ്റ് വർദ്ധിക്കുന്നതിന് അനുസരിച്ച് ആടുമാടുകളെ എത്തിച്ചും പെരുന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. വിവിധ എമിറേറ്റുകൾ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകഴിഞ്ഞു.
അബുദാബിയിലെ അറവുശാലകൾ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 6.00 മുതൽ വൈകുന്നേരം 5.30 വരെ പ്രവർത്തിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു.ഉത്സവ സീസണിലെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് മുന്നിൽ കണ്ടാണ് നീക്കം. നിർദ്ദേശം അനുസരിച്ച് അറവുശാലകൾ ദിവസവും 11.5 മണിക്കൂറാണ് തുറന്ന് പ്രവർത്തിക്കുക.
ഇസ്ലാമിക കലണ്ടറിൽ ദുൽ ഹിജ്ജ 9 നാണ് അറഫാ ദിനം. ഈദ് അൽ അദ്ഹ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആഘോഷിക്കുന്നത്. അതേസമയം ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെൻ്റ് (ഐഎസിഎഡി) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഹിജ്റി കലണ്ടർ പ്രകാരം ജൂൺ 8 ശനിയാഴ്ചയാണ് ദുൽഹിജ്ജ 1. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ ഇതേ തീയതിയാണ് പ്രവചിക്കുന്നതെന്ന് ദുബായ് ആസ്ട്രോണമി ഗ്രൂപ്പിൻ്റെ ഓപ്പറേഷൻസ് മാനേജർ ഖദീജ അഹ്മദ് പറഞ്ഞു.
അറഫാ ദിനം ജൂൺ 16 (ദുൽ ഹിജ്ജ 9) ഞായറാഴ്ചയും ഈദ് അൽ അദ്ഹ ജൂൺ 17 തിങ്കളാഴ്ചയും (ദുൽ ഹിജ്ജ 10) ആയിരിക്കും. അതിനാൽ ജൂൺ 16 ഞായർ മുതൽ ജൂൺ 19 ബുധനാഴ്ച വരെയാണ്. വാരാന്ത്യ അവധികൂടി കണക്കിലെടുത്താൽ ജൂൺ 15 ശനിയാഴ്ച മുതൽ 5 ദിവസത്തെ അവധി ലഭിക്കുമെന്നാണ് പ്രതീക്ഷ.