ജൂനിയർ ആർട്ടിസ്റ്റായെത്തി കഠിനാധ്വാനം കൊണ്ട് അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും അസാമാന്യ പ്രകടനത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് ജോജു ജോർജ്. ജോജു ഒരു സംവിധായകനാവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ പണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. അഭിനയത്തിലൂടെ ഒരുപിടി നല്ല സിനിമകൾ തന്ന ജോജു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ‘പണി’ പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.
ജോജു തന്നെ രചനയും നിർവ്വഹിക്കുന്ന ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് ‘പണി’. 100 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിൽ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ജോജു തന്നെയാണ്. അഭിനയ ആണ് നായികയായി എത്തുന്നത്. കൂടാതെ മുൻ ബിഗ്ബോസ് താരങ്ങളായ സാഗർ, ജുനൈസ്, എന്നിവരും ഗായിക അഭയ ഹിരൺമയിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
28 വർഷത്തെ അഭിനയ ജീവിതത്തിനിടെയാണ് ജോജു സംവിധായകന്റെ കുപ്പായം അണിയുന്നത്. മാത്രമല്ല, പല ഭാഷകളിൽ കൈനിറയെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ജോജു സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കാർത്തിക് സുബ്ബരാജ് – സൂര്യ കോമ്പോ, കമൽഹാസൻ എന്നിവർക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് പുറമെ അനുരാഗ് കശ്യപിന്റെ ബോളിവുഡ് ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയരുന്ന മലയാളി താരം കൂടിയാണ് ജോജുവിപ്പോൾ.
ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ‘പണി’ യുടെ നിർമാണം. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം നിർവഹികുന്നത്. ഡ്രീം ബിഗ് ഫിലിംസ് ചിത്രം വിതരണത്തിന് എത്തിക്കും.