യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മുൻ എംഎൽഎ ശോഭന ജോർജ്. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ശോഭന വിസ സ്വീകരിച്ചത്. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്.
മൂന്ന് തവണ ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയ ശോഭന നിലവിൽ കേരള സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ ചെയർപേഴ്സൺ ആണ്. ബിസിനസ്-ചലച്ചിത്ര-കായിക-സാംസ്കാരിക-സാഹിത്യ രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്.
നേരത്തേ മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ടൊവിനോ തോമസ്, ആസിഫ് അലി, ആശ ശരത്ത്, ശ്വേതാ മേനോൻ, ഹണി റോസ് തുടങ്ങി നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. കൂടാതെ തെന്നിന്ത്യൻ സംഗീത രംഗത്ത് നിന്ന് എം. ജയചന്ദ്രൻ, എം.ജി ശ്രീകുമാർ, സിതാര കൃഷ്ണകുമാർ, ഗോപി സുന്ദർ, അമൃത സുരേഷ്, അഫ്സൽ, ദേവാനന്ദ്, മധു ബാലകൃഷ്ണൻ, ലക്ഷ്മി ജയൻ, സ്റ്റീഫൻ ദേവസി, ആൻ ആമി, അക്ബർ ഖാൻ, സുമി അരവിന്ദ് ഉൾപ്പെടെയുള്ളവരും ഗോൾഡൻ വിസ സ്വന്തമാക്കിയിരുന്നു.