26ാമത് ഗൾഫ് കപ്പ് ടൂർണമെന്റിന് കുവൈറ്റ് ആതിഥേയത്വം വഹിക്കും. അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഈ വർഷം ഡിസംബർ 21 മുതൽ 2025 ജനുവരി മൂന്നു വരെയാണ് ടൂർണമെന്റ് നടക്കുക. കഴിഞ്ഞ ദിവസം ഖത്തറിലെ ദോഹയിൽ നടന്ന അറബ് ഗൾഫ് ഫുട്ബാൾ ഫെഡറേഷൻ യോഗത്തിലാണ് തീരുമാനം. ഈ മാസം ആദ്യം കുവൈറ്റ് സന്ദർശിച്ച പരിശോധനാ സമിതിയുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഗൾഫ് കപ്പ് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇത് മാത്രമല്ല, അണ്ടർ 23 ഗൾഫ് കപ്പ് ടൂർണമെന്റും കുവൈറ്റില്‍ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം ഒക്ടോബറിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. 1974, 1990, 2003, 2017 വർഷങ്ങളിലും കുവൈറ്റ് ഗൾഫ് കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. ബഹ്റൈൻ, ഇറാഖ്, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, യമൻ എന്നീ എട്ടംഗ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷന് കീഴിൽ 1970ലാണ് ഗൾഫ് കപ്പ് ആരംഭിച്ചത്. കുവൈറ്റ് ഇതുവരെ 10 തവണ ജേതാക്കളായിട്ടുണ്ട്. ഇറാഖാണ് നിലവിലെ ചാമ്പ്യന്മാർ. 26ാമത് ഗൾഫ് കപ്പ് ടൂർണമെന്റിൽ ആര് കപ്പടിക്കുമെന്ന് കണ്ടറിയാം.