എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഭർത്താവിനെ അവസാനമായി ഒന്ന് കാണാൻ കഴിയാതെ അതീവ ദുഃഖം ഏറ്റുവാങ്ങിയ അമൃതയുടെയും മരണപ്പെട്ട നമ്പി രാജേഷിന്റെയും കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിൽ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ട്.
നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു. അതിന് മറുപടിയായാണ് വിമാനക്കമ്പനി ഇ മെയിൽ സന്ദേശം അയച്ചത്. മെയ് 7 നായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിന് പിന്നാലെ എട്ടാം തിയതി ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര മുടങ്ങുകയും ഒമാനിലേക്കെത്താൻ കഴിയാതെ വരികയും ചെയ്തു. ഇതിനിടയിൽ 13 ന് രാവിലെ രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിക്കുകയായിരുന്നു.