മഹ്റമില്ലാതെ (ആൺ തുണയില്ലാതെ) ഹജ്ജ് നിർവഹിക്കാൻ എത്തുന്ന വനിതാ ആദ്യ മലയാളി സംഘം മക്കയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കരിപ്പൂരിൽ നിന്ന് വനിതകൾ മാത്രമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 8:45നാണ് ജിദ്ദ കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഒരു വളണ്ടിയർ ഉൾപ്പെടെ 166 വനിതാ തീർത്ഥാടകരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
ജിദ്ദയിൽ നിന്നും ഇവരെ ഹജ്ജ് സർവീസ് കമ്പനികളൊരുക്കിയ നാല് ബസുകളിലായാണ് മക്കയിലെത്തിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഇവർ മക്ക അസീസിയയിലെ താമസസ്ഥലത്ത് എത്തി. നാട്ടിൽ നിന്നെത്തിയ വനിതാ വളണ്ടിയർമാരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ തന്നെ ഇവരെ മസ്ജിദുൽ ഹറാമിലെത്തിച്ചു ഉംറ നിർവഹിച്ചു.
5,000 മഹറമില്ലാത്ത തീർത്ഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്നത്. ഇതിൽ 3,600 തീർത്ഥാടകരും കേരളത്തിൽ നിന്നുള്ളവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഈ വിഭാഗത്തിലുള്ള വനിതാ തീർത്ഥാടകർ നേരത്തെ തന്നെ മക്കയിൽ എത്തിയിരുന്നു. ഇത്തരത്തിൽ ഹജ്ജിനെത്തിയ വനിതാ തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ എല്ലാം പ്രത്യേകമാണ്.
വനിതകൾക്ക് മാത്രമായി ബസ് സർവീസ്, ഡിസ്പെൻസറി, പ്രത്യേകം ആശുപത്രി, എന്നിവയെല്ലാം സജ്ജമാണ്. താമസ കെട്ടിടത്തിൽ സുരക്ഷയുറപ്പാക്കാനായി 24 മണിക്കൂറും സെക്യൂരിറ്റിയുമുണ്ട്. ഇവരെ പരിചരിക്കാനായി പ്രത്യേക വനിതാ വളണ്ടിയർമാരും നാട്ടിൽ നിന്ന് എത്തിയിട്ടുണ്ട്. അത് കൂടാതെ മക്കയിലെ വിവിധ മലയാളി സന്നദ്ധ സംഘടനകൾ പ്രത്യേകം വനിത വളണ്ടിയർ വിങ്ങും ഇവരുടെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും റെക്കോർഡ് എണ്ണമാണ് ഇത്തവണ മഹ്റമില്ലാതെ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നത്. ഈ മാസം 28 വരെ 12 വിമാനങ്ങൾ സ്ത്രീ തീർഥാടകർക്കു മാത്രമായി കേരളത്തിൽ നിന്നും ഒരുക്കിയിട്ടുണ്ട്.