ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇനിയൊരു അങ്കത്തിന് താനില്ലെന്ന് നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതോടെ ആ സ്ഥാനത്തേയ്ക്ക് പലരുടെയും പേരുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ലിസ്റ്റിൽ ഉയർന്ന് കേട്ടിരുന്ന രണ്ട് പേർ ടീമിന്റെ പരിശീലകനാകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങും മുൻ സിംബാബ്‌വെ താരം ആൻഡി ഫ്ലവറുമാണ് ഇപ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകനാകാൻ തന്നെ സമീപിച്ചിരുന്നതായും എന്നാൽ തന്റെ ജീവിതശൈലിക്ക് ഈ ജോലി ചേരില്ലെന്നും പോണ്ടിങ് വ്യക്തമാക്കി. അതേസമയം, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ പരിശീലകനായ ആൻഡി ഫ്ലവറിന്റെ മറുപടി.
ഇതോടെ ലിസ്റ്റിൽ ഉയർന്ന് കേൾക്കുന്ന പേര് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ളെമിങ്ങിന്റേതാണ്. താരം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കാലാവധി ജൂണിൽ അവസാനിക്കാനിരിക്കെയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി ബിസിസിഐ അന്വേഷണം ആരംഭിച്ചത്. 2021-ൽ സ്ഥാനമേറ്റെടുത്ത ദ്രാവിഡ് മൂന്ന് വർഷത്തിന് ശേഷമാണ് സ്ഥാനമൊഴിയുന്നത്. എന്തായാലും ജൂണിൽ നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പിന് ശേഷം ബിസിസിഐ പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് റിപ്പോർട്ട്.