മുപ്പത് വർഷങ്ങൾക്കു ശേഷം കാന്‍ ചലച്ചിത്ര മേളയില്‍ കേരളത്തിന്റെ സാന്നിധ്യം. പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശത്തോട് അനുബന്ധിച്ച് കാനിലെത്തിയ കനി കുസൃതിയും ദിവ്യ പ്രഭയും ഹ്രിദ്ധു ഹാറൂണുമാണ് മലയാളത്തെ ലോകശ്രദ്ധയിലേക്ക് എത്തിച്ചത്. ചിത്രം കാനില്‍ മികച്ച നിരൂപക പ്രശംസ നേടുകയുണ്ടായി. ഗ്രാന്‍ഡി ലൂമിയര്‍ തിയേറ്ററില്‍ സിനിമ പൂര്‍ത്തിയായ ശേഷം കാണികള്‍ എഴുന്നേറ്റുനിന്ന് എട്ട് മിനിറ്റോളം കൈയ്യടിച്ചു.
കാനിലെ റെഡ് കാര്‍പ്പറ്റില്‍ മലയാളത്തിന്‍റെ താരങ്ങളായിമാറുകയായിരുന്നു കനി കുസൃതി, ദിവ്യ പ്രഭ, ഹ്രിദ്ദു ഹാറൂണ്‍ എന്നിവര്‍. ഇവരുടെ കാനിലെ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍.
1994 ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം. വിവിധ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികൾക്ക് പ്രിയങ്കരിയായത്, ഓള് , വഴക്ക്, ദി നോഷൻ, നിഷിദ്ധോ തുടങ്ങി നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും മികച്ച പ്രകടനങ്ങളിലൂടെയും ശ്രദ്ധേയയാണ്. ഐവറി നിറത്തിലുള്ള ഗൗണിലാണ് കനി കാനിലെത്തിയത്. എന്നാൽ ഏറെ ശ്രദ്ധ്ര നേടിതത് കൈയ്യില്‍ പിടിച്ച ബാഗ് ആയിരുന്നു.