കേരളവും ഗൾഫ് മലയാളികളും ഒരുപോലെ കൈകോർത്ത് ഒരു മലയാളിയുടെ മോചനത്തിനായി കോടികൾ സ്വരൂപിച്ചിരുന്നു. 18 വർഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടിയായിരുന്നു അത്. ഒടുവിൽ ഫലം കണ്ടു, അബ്ദുൾ റഹീം നാടണയുന്ന ആ നിമിഷം സമാഗതമായി. ഇനി ഏതാനും ദിവസങ്ങൾ മാത്രം.
ദിയാധനം നൽകാനുള്ള ഒന്നരക്കോടി സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്. ഇനി കാത്തിരിപ്പിന്റെ നാളുകളാണ്.
ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച വൈകുന്നേരമായിരുന്നു റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം രാവിലെ എംബസിയിലെത്തിച്ചു. ഇനി കോടതിയുടെ പേരിൽ ദിയാധന തുകക്ക് തുല്യമായ സെർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് ഉടൻ ഇന്ത്യൻ എംബസി കൈമാറും. ചെക്ക് ലഭിച്ചാലുടൻ തന്നെ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ, അല്ലെങ്കിൽ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണിയുള്ള വക്കീലോ ഗവർണറേറ്റ് മുമ്പാകെ ഹാജരാകുകയും ചെയ്യും.
റഹീമിന്റെ വക്കീലും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പ് വയ്ക്കും. കരാർ ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് കൈമാറുകയാണ് അടുത്ത പടി. രേഖകൾ പരിശോധിച്ചതിന് ശേഷം കോടതി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് തുടർനീക്കങ്ങൾ നടത്തുമെന്ന് സഹായസമിതി അറിയിച്ചു. നടപടികൾ പൂർത്തിയാകുന്നത്തോടെ 18 വർഷമായി റഹീമിനെ പിരിഞ്ഞിരിക്കുന്ന ഉമ്മയ്ക്ക് മകനെ കാണാൻ കഴിയും. ഒരു നാട് മുഴുവനും റഹീമിന് വേണ്ടി കാത്തിരിക്കുകയാണ്.