ഇത്തവണ ഹജ് തീർഥയാത്ര നടത്താൻ ഇന്ത്യയിൽ നിന്ന് അയ്യായിരം മഹറില്ലാത്ത വനിതകൾ എത്തും. ഈ വനിതകൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിനുള്ള നടപടികൾ ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു.
ഇതാദ്യമായി ഇന്ത്യയിൽ നിന്നുള്ള ഹാജിമാർക്ക് ഹറമൈൻ അതിവേഗ ട്രെയിൻ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. മുംബൈ എംബാർക്കേഷൻ പോയിന്‍റിൽ നിന്നുള്ള ഹാജിമാർക്കായിരിക്കും ഈ സൗകര്യം ലഭിക്കുക. ജിദ്ദ കിങ് അബ്ദുൾ അസീസ് വിമാനത്താവളം ടെർമിനൽ ഒന്നിൽ മുംബൈയിൽ നിന്നുള്ള ഹാജിമാർ ഹജ്ജ് നിർവഹിക്കാൻ എത്തും. അവിടെ നിന്ന് അവർക്ക് വിമാനത്താവളത്തിൽ നിന്നു തന്നെ ഹറമൈൻ ട്രെയിനിൽ മക്കയിലേക്ക് പോകാനുള്ള അവസരമൊരുക്കും.