ഐപിഎല്ലിലെ എലിമിനേറ്ററിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് കാലിടറി. ബംഗളൂരുവിനെ തകർത്ത് സഞ്ജുവും സംഘവും ക്വാളിഫയറിൽ സീറ്റുറപ്പിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ നാല് വിക്കറ്റിനാണ് കോലിയെയും കൂട്ടരെയും സഞ്ജുവും സംഘവും പരാജയപ്പെടുത്തിയത്. ഇതോടെ ബംഗളൂരു കണ്ണീരോടെ കളം വിട്ടു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു, 174/6. ബൗളിങ്ങിൽ അശ്വിനും ട്രെൻ്റ് ബോൾട്ടും ആവേശ് ഖാനും ചേർന്ന് ബംഗളൂരു ബാറ്റിങ് നിരയ്ക്ക് വലിയ സ്കോർ അനുവദിക്കാതെ പിടിച്ചുനിർത്തി. തുടർന്ന് യശസ്വി ജയ്സ്വാളും റിയാൻ പരാഗും ഇംപാക്ട് പ്ലെയറായെത്തിയ ഷിംറോൺ ഹെറ്റ്മയറും ചേർന്ന് മികച്ച രീതിയിൽ ബാറ്റുചെയ്ത് രാജസ്ഥാന് ജയമൊരുക്കി.
പവർപ്ലേയിൽ ട്രെൻ്റ് ബോൾട്ട് നടത്തിയ മിന്നുന്ന ബൗളിങ് ബംഗളൂരുവിൻ്റെ താളംതെറ്റിച്ചു. ഓപ്പണിങ് ഓവറിൽ രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത ബോൾട്ട്, മൂന്നാം ഓവറിലെത്തി മൂന്ന് റൺസ് നൽകി. അഞ്ചാം ഓവറും ബോൾട്ടിനെ എറിയിക്കാനുള്ള സഞ്ജുവിന്റെ തന്ത്രം വിജയം കണ്ടു. മാത്രമല്ല, ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ (14 പന്തിൽ 17) വീഴ്ത്താനും ബോൾട്ടിന് സാധിച്ചു. റോവ്മാൻ പവലിന്റെ മികച്ച ക്യാച്ചിലൂടെയാണ് പുറത്തായത്. ഇതോടെ പവർപ്ലേയിൽ മൂന്നോവർ എറിഞ്ഞ ബോൾട്ട് വഴങ്ങിയത് എട്ട് റൺസ്. ഒരു വിക്കറ്റും. അശ്വിൻ നാലോവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
ജയ്സ്വാളും കോലർ കാഡ്മറും ചേർന്ന് രാജസ്ഥാന് മികച്ച തുടക്കം നൽകി. ഫെർഗൂസന്റെ ആറാം ഓവറിൽ കാഡ്മറാണ് ആദ്യം പുറത്തായത്. പത്താം ഓവറിൽ ജയ്സ്വാളും (30 പന്തിൽ 45) മടങ്ങി. തൊട്ടടുത്ത ഓവറിൽ ക്രീസിൽ നിന്ന് കയറിയടിക്കാൻ ശ്രമിച്ച ക്യാപ്റ്റൻ സഞ്ജു സാംസണെ കാർത്തിക് സ്റ്റമ്പ് ചെയ്ത് പുറത്താക്കി (13 പന്തിൽ 17). 12-ാം ഓവറിൽ ടീം സ്കോർ 100 കടന്നു. 14-ാം ഓവറിൽ ധ്രുവ് ജുറേൽ റണ്ണൗട്ടായി (8) മടങ്ങിയതോടെ ടീം വീണ്ടും പരുങ്ങലിലായി. എന്നാൽ പിന്നീട് റിയാൻ പരാഗും ഹെറ്റ്മയറും ചേർന്ന് മികച്ച പ്രകടനം കാഴ്ചവെട്ടു. 18-ാം ഓവറിൽ പരാഗ് (26 പന്തിൽ 36) പുറത്താകുമ്പോൾ ടീം ഏകദേശം വിജയത്തിനടുത്തെത്തിയിരുന്നു. അതേ ഓവറിൽത്തന്നെ സിറാജ് ഹെറ്റ്മയറിനെയും പുറത്താക്കി (14 പന്തിൽ 26). പിന്നീട് റോവ്മാൻ പവലും (8 പന്തിൽ 16) അശ്വിനെ നോൺ സ്ട്രൈക്ക് എൻഡിൽ നിർത്തി ഒരോവർ ബാക്കി നിൽക്കേ രാജസ്ഥാനെ വിജയിപ്പിക്കുകയായിരുന്നു.
നേരത്തേ രജത് പാട്ടിദറിന്റെയും (34) ഓപ്പണർ വിരാട് കോലിയുടെയും (33) മഹിപാൽ ലാംററിൻ്റെയും (32) ഇന്നിങ്സുകളാണ് ബംഗളൂരുവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. എട്ടാം ഓവറിൽ കോലിയും (24 പന്തിൽ 33) മടങ്ങി. ഇതിനിടെ കോലി ഐ.പി.എലിൽ 8,000 റൺസ് നേടുന്ന ആദ്യ താരമായി മാറി ചരിത്രം കുറിച്ചു. 22 പന്തിൽ 34 റൺസുമായി രജത് പാട്ടിദർ മധ്യത്തിലും 17 പന്തിൽ 32 റൺസുമായി മഹിപാൽ ലാംറർ അവസാനത്തിലും ഇടപെട്ടതാണ് ബംഗളൂരുവിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും രണ്ട് വീതം സിക്സും ഫോറും നേടി.
കാമറോൺ ഗ്രീൻ (21 പന്തിൽ 27), ഗ്ലെൻ മാക്സ്വെൽ (0), രജത് പാട്ടിദർ (22 പന്തിൽ 34), ദിനേഷ് കാർത്തിക് (13 പന്തിൽ 11), സ്വപ്നിൽ സിങ് (4 പന്തിൽ 9), കരൺ ശർമ (4 പന്തിൽ 5) എന്നിങ്ങനെയാണ് മറ്റു സ്കോറുകൾ. അശ്വിൻ നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. സന്ദീപ് ശർമ നാലോവറിൽ 48 റൺസ് വിട്ടുനൽകി ഒരു വിക്കറ്റ് നേടിയപ്പോൾ, ആവേശ് ഖാന്റെ മൂന്ന് വിക്കറ്റ് നാലോവറിൽ 44 റൺസ് വഴങ്ങിയാണ്. ചാഹൽ 43 റൺസ് വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തി.