ആവേശത്തിലാണ് കോഴിക്കോട്ടുകാർ. ഒരു വർഷമായി അടച്ചുപൂട്ടിയ അവരുടെ അപ്സര തിയറ്റർ വീണ്ടും തുറക്കാൻ പോകുകയാണ്. അതും മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോ പ്രദർശിപ്പിച്ചുകൊണ്ട്. കഴിഞ്ഞ മേയിലായിരുന്നു തിയറ്റർ അടച്ചത്. സാങ്കേതികമായി പരിഷ്കരിച്ചും പുതിയ ശബ്ദ സംവിധാനം ഒരുക്കിയും പുത്തൻ സ്ക്രീനിൽ ടർബോ കാണാൻ ആരാധകരുടെ കുത്തൊഴുക്കായിരിക്കും ഇനി അപ്സരയിൽ.
ചലച്ചിത്ര നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന നിർമാണ കമ്പനി ഏറ്റെടുത്ത ശേഷമാണ് തിയറ്റർ പരിഷ്കരിച്ച് വീണ്ടും തുറക്കുന്നത്. മാജിക് ഫ്രെയിംസ് അപ്സര എന്ന് പേര് മാറ്റുകയും ചെയ്തിട്ടുണ്ട്. 1000 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകൾ അതുപോലെ തന്നെ നിലനിര്‍ത്തി ഇനി അപ്സര പുതിയ രൂപത്തിൽ പ്രേക്ഷകരെ സ്വീകരിക്കും.
1971ൽ സൂപ്പർതാരങ്ങളായ പ്രേം നസീറും ശാരദയും ചേർന്നാണ് അപ്സര തിയറ്റർ ഉദ്ഘാടനം ചെയ്തത്. തൊമ്മൻ ജോസഫ് പുരക്കലിന്റെ ഉടമസ്ഥതയിലായിരുന്നു അപ്സര തിയറ്റർ. ബാൽക്കണിയിലെ 210 സീറ്റുകൾ ഉൾപ്പെടെ 1013 സീറ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്. 70 എംഎം തിയറ്റർ കേരളത്തിലെ ഏറ്റവും വലിയ എയർകണ്ടീഷൻ തിയറ്ററായിരുന്നു അപ്സര എന്ന പ്രത്യേകതകൂടിയുണ്ട്. ഒരു ഹൗസ്ഫുൾ ഷോയ്ക്ക് ഏകദേശം 1.25 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നു. പിന്നീട് എപ്പോഴോ വരുമാനം ഇടിഞ്ഞതും കുടുംബപ്രശ്നവുമാണ് തിയറ്റർ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചത്. തുടർന്ന് മാജിക് ഫ്രെയിംസ് ഏറ്റെടുക്കുകയായിരുന്നു.